മിഷന്‍ ബേലൂര്‍ മഖ്‌ന; ദൗത്യം എട്ടാം ദിവസത്തിലേക്ക്; ആനയുള്ളത് ആനപ്പാറ മേഖലയില്‍
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും തുടരും. തെരച്ചിലിനിടെ കുങ്കിയാനകള്‍ക്ക് നേരെ ബേലൂര്‍ മഖ്‌ന തിരിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ആനയെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും മയക്കുവെടിവെക്കാനുള്ള സാഹചര്യം ലഭിച്ചില്ല. ആനയുടെ സിഗ്നല്‍ ഇടയ്ക്ക് നഷ്ടപ്പെടുന്നതും ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ആന നിലവിലുള്ളത് ആനപ്പാറ മേഖലയിലാണ്. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ദൗത്യസംഘത്തിനൊപ്പം മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. അരുണ്‍ സക്കറിയയും ചേര്‍ന്നിരുന്നു. മൃഗസംരക്ഷണവകുപ്പിലേക്ക് തിരികെപ്പോയ അരുണ്‍ സക്കറിയയെ ‘ബേലൂര്‍ മഖ്ന’ ദൗത്യത്തിനു എത്തിക്കുകയായിരുന്നു.
ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കര്‍ണാടക വനപാലകസംഘവുമുള്‍പ്പെടെ 225 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോണ്‍ ക്യാമറകളെയും ദൗത്യത്തില്‍ ഉപയോഗിക്കുന്നുണ്ട്.