National

കമൽനാഥിന് പിന്നാലെ മനീഷ് തിവാരിയും ബിജെപിയിലേക്ക്?

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് മറ്റൊരു തിരിച്ചടി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി പാർട്ടി വിടുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി തിവാരി സംസാരിച്ചതായാണ് സൂചന.

പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള കോൺഗ്രസ് എംപി മനീഷ് തിവാരി. ബിജെപി ചിഹ്നത്തിൽ ലുധിയാന ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് മനീഷ് തിവാരി ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ സീറ്റ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനിടെ കമല്‍നാഥിനൊപ്പം കൂട്ടപ്പലായനം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഘ്ഹാറും മറ്റുമുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരോട് ആശയവിനിമയം നടത്തി. കമല്‍നാഥുമായും മകന്‍ നകുല്‍നാഥുമായും അടുപ്പമുള്ള എം.എല്‍.എമാരിലാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിനില്‍ക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൂട്ടപ്പലായനം ഉണ്ടായാല്‍ അത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍.