അടിസ്ഥാനരഹിതം; ബിജെപിയിലേക്കെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മനീഷ് തിവാരി
ബിജെപിയിലേക്ക് പോകുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി. പ്രചരിക്കുന്ന കാര്യങ്ങളില്‍ വസ്തുതയില്ലെന്നും അടിസ്ഥാന രഹിതമാണെന്നും മനീഷ് തിവാരിയുടെ ഓഫീസ് വ്യക്തമാക്കി. തിവാരി ബിജെപിയില്‍ ചേരുമെന്നും പഞ്ചാബിലെ ലുധിയാന ലോക്‌സഭാ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.പിന്നാലെയാണ് എംപിയുടെ ഓഫീസ് ഇക്കാര്യം നിഷേധിച്ചത്.
നിലവില്‍ തിവാരി സ്വന്തം മണ്ഡലത്തില്‍ തന്നെയുണ്ടെന്നും അവിടുത്തെ വികസന കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഇന്നലെ രാത്രി വരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു മനീഷ് തിവാരിയെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ കമല്‍നാഥിനൊപ്പം എംഎല്‍എമാരുടെ കൂട്ടപ്പലായനം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഘ്ഹാറും മറ്റുമുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരോട് ആശയവിനിമയം നടത്തി. കമല്‍നാഥുമായും മകന്‍ നകുല്‍നാഥുമായും അടുപ്പമുള്ള എം.എല്‍.എമാരിലാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിനില്‍ക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൂട്ടപ്പലായനം ഉണ്ടായാല്‍ അത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍.