‘അട്ടര്‍ വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണം, വഴിയിൽ തടയും’ രാഹുല്‍ മാങ്കൂട്ടത്തില്‍
കാസര്‍കോട്: വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കെ വനം മന്ത്രി എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. വനം മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സമരം ശക്തമാക്കാനാണ് തീരുമാനം. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ വന്യമൃഗങ്ങളും വനംവകുപ്പ് മന്ത്രിയും ഒരുപോലെ ഉത്തരവാദികളാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അട്ടര്‍ വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വനം മന്ത്രി രാജിവെയ്ക്കും വരെ യൂത്ത് കോണ്‍ഗ്രസ് വഴിയിൽ തടയും. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിയുടെ ആഡംബരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വനംമന്ത്രി എകെ ശശീന്ദ്രന്‍റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കോഴിക്കോട് യുഎൽസിസിഎസ് സൈബർ പാർക്കിൽ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്. കർഷകരുടെ ജീവന് വില കൽപ്പിക്കാത്ത മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിൽ കിടന്ന് അഞ്ച് മിനിറ്റോളം മന്ത്രിയുടെ വാഹനത്തിന് തടസമുണ്ടാക്കിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.