‘ഞങ്ങള്‍ പാകിസ്താനികളല്ല, ശംഭു അതിര്‍ത്തി ഇന്ത്യ-പാക് അതിര്‍ത്തിയുമല്ല’; പൊലീസിനെതിരെ കര്‍ഷകര്‍
ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍. സമരം ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും ശംഭു അതിര്‍ത്തി ഇന്ത്യ-പാക് അതിര്‍ത്തിയാണെന്ന മട്ടിലുമാണ് പൊലീസ് പെരുമാറുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
ശംഭു അതിര്‍ത്തിയില്‍ ഇതുപോലെ മറ്റൊരു സംഭവമുണ്ടായിട്ടില്ലെന്ന് പഞ്ചാബിലെ തരണ്‍ ജില്ലയില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന കര്‍ഷകനായ ജസ്പാല്‍ സിംഗ് പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ വലതു കാലില്‍ പരുക്കേറ്റ്, പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ജസ്പാല്‍ സിംഗ്. 2020ല്‍ നടന്ന കര്‍ഷക സമരത്തിലും താന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണത്തേത് പോലെ ക്രൂരമായിരുന്നില്ല അന്നെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ പ്രതിഷേധം കുറ്റകരമാണോയെന്ന് ചോദിച്ച ജസ്പാല്‍, ന്യായമായ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കാന്‍ അവകാശമില്ലേയെന്നും ചോദിച്ചു. ദി വയറിനോടായിരുന്നു പ്രതികരണം. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത് തടയാന്‍ പൊലീസ് ഉപയോഗിച്ച മുള്ളുകമ്പികള്‍ വളരെ മൂര്‍ച്ചയുള്ളതാണെന്നും ഒരു സ്പര്‍ശനം കൊണ്ട് ഒരാളെ മാരകമായി പരുക്കേല്‍പ്പിക്കാന്‍ മുള്ളുകമ്പികൊണ്ട് കഴിയുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ പോലും ഉപയോഗിക്കുന്നുണ്ടെന്നും കര്‍ഷകര്‍ ആരോപിച്ചു. കണ്ണീര്‍ വാതക ഷെല്ല് കൊണ്ട് പരുക്കേറ്റ കര്‍ഷകരില്‍ പലരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.