പുറത്താക്കല്‍ ഭീഷണി; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിടുന്നു
ഇന്ത്യയിലെ വിദേശ ലേഖികയായിരുന്ന ഫ്രഞ്ച് ജേണലിസ്റ്റ് വനേസ ഡഗ്‌നാക് ഇന്ത്യ വിടുന്നതായി പ്രഖ്യാപനം. വനേസയുടെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെയാണ് രാജ്യം വിടുന്നതായുള്ള പ്രതികരണം.
താന്‍ ഇന്ത്യ വിടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള കത്തില്‍ വികാരാധീനയായാണ് വനേസ ഡഗ്‌നാക് പ്രതികരിച്ചത്. 25 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥിയായാണ് താന്‍ ഇന്ത്യയിലേക്ക് വന്നത്. 23 വര്‍ഷം ഒരു പത്രപ്രവര്‍ത്തകയായി ജോലി ചെയ്തു ഈ രാജ്യത്ത്. വിവാഹം കഴിച്ചതും മകനെ വളർത്തിയതുമെല്ലാം വീട് പോലെ കരുതിപ്പോന്ന ഈ സ്ഥലത്താണ്’. നാല് ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളുടെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റായ വനേസ ഡഗ്‌നാക് പറഞ്ഞു. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് കഴിഞ്ഞ മാസമാണ് വനേസയ്ക്ക് നോട്ടീസ് അയച്ചത്.
ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വനേസയുടെ ഒസിഐ കാര്‍ഡ് അസാധുവാക്കാന്‍ കാരണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച വനേസ നിയമനടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും വ്യക്തമാക്കി. ഡഗ്‌നാക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 30 വിദേശ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നടപടി വനേസയുടെ കരിയറിനെയോ കുടുംബജീവിതത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കേസ് ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അവര്‍ കേന്ദ്രത്തിന് തുറന്ന കത്തെഴുതി.
മതിയായ കാരണമില്ലാതെയാണ് തനിക്കെതിരായ ഇന്ത്യയുടെ നടപടിയെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നും വനേസ പറഞ്ഞു. ‘ഇനിയെനിക്ക് ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയില്ല. രാജ്യം വിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നിയമനടപടികളില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കിലും അത് കഴിയും വരെ കാത്തിരിക്കാന്‍ സാധിക്കില്ല. റിപ്പോര്‍ട്ടിങ് നിര്‍ത്തണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോപണങ്ങള്‍ തെളിയാത്തത് കാരണമാണ് അതിന് തയ്യാറാകാതിരുന്നത്’. വനേസ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ പ്രതികരിച്ച റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. രണ്ട് ദശാബ്ദക്കാലം ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റിനെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പത്രസ്വാതന്ത്ര്യം എന്തായിത്തീര്‍ന്നു എന്നതിന്റെ ചിത്രം വെളിപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് വിമര്‍ശിച്ചു. പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം ബാക്കിനില്‍ക്കെ വിദേശ ലേഖകര്‍ക്കെതിരെ ഉപരോധം മുറുകുകയാണ്. ഈ നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കണമെന്നും ആര്‍എസ്എഫ് എഡിറ്റോറിയല്‍ ഡയറക്ടര്‍ ആന്‍ ബൊകാന്‍ഡെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമുള്‍പ്പെട്ട പ്രതിനിധിതല ചര്‍ച്ചയിലും ഡഗ്‌നാക്കിന് നോട്ടീസ് നല്‍കിയിരുന്നു. ഒരു നിശ്ചിത സ്ഥലത്ത് ചെയ്യാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അങ്ങനെ ജോലി ചെയ്യാനെത്തുന്നവര്‍ ആ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നത് പ്രധാനമാണെന്ന് കേന്ദ്ര നടപടിയെ ന്യായീകരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.