Sunday, January 5, 2025
Latest:
Wayanad

50 ലക്ഷം നഷ്ടപരിഹാരത്തിന് ശുപാർശ, 11 ലക്ഷം ഉടൻ നൽകും, കൊല്ലപ്പെട്ട പോളിന്റെ ഭാര്യക്ക് ജോലി നൽകാനും തീരുമാനം

Spread the love

കൽപ്പറ്റ : വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം.

അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്.

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ ജീവൻ രക്ഷിക്കാനായില്ല.