National

മദ്യനയ അഴിമതിക്കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് കെജ്രിവാള്‍; ഇന്ന് ഹാജരായത് ഓണ്‍ലൈനായി

Spread the love

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ പരാതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കെജ്രിവാള്‍ സമയം നീട്ടി ചോദിച്ചതോടെ മാര്‍ച്ച് 16ന് ഹാജരാകാന്‍ കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനവും വിശ്വാസവോട്ടെടുപ്പും നടക്കുകയാണെന്ന് കെജ്രിവാള്‍ കോടതിയോട് പറഞ്ഞു. ഫെബ്രുവരി 16ന് ഹാജരാകണമെന്ന ഇ ഡിയുടെ ആറാമത്തെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കെജ്രിവാള്‍ വിശ്വാസവോട്ടെടുപ്പിന് പ്രമേയം അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി കെജ്രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ് അവന്യു കോടതിയെ സമീപിക്കുകയായിരുന്നു.

നിയമസഭയില്‍ ഇത് രണ്ടാം തവണയാണ് അരവിന്ദ് കെജ്രിവാള്‍ വിശ്വാസവോട്ട് തേടുന്നത്. 70 അംഗ സഭയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് 62 എംഎല്‍എമാരും ബിജെപിയ്ക്ക് 8 എംഎല്‍എമാരുമാണുള്ളത്. രാഷ്ട്രീയ പ്രേരിതമായി ഇ.ഡി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട് കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നാണ് കെജ്രിവാളിന്റെ വാദം. ആം ആദ്മി പാര്‍ട്ടി നേതാക്കളും കെജ്രിവാളിന്റെ വിശ്വസ്തരുമായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും നിലവില്‍ മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുകയാണ്.

ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കൂറുമാറാനായി എഎപി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.