മുള്ളൻകൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
മുള്ളൻകൊല്ലി സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറങ്ങി. ഒരു മാസത്തിലേറെയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ സാനിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് ഇറക്കിയത്.
ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തിൽ തമ്പടിക്കുകയും ചെയ്തിരുന്നു. ചീഫ് വൈൽഡ്ലൈഫ് വാർഡനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങളെ ഭയപ്പെടുത്തുന്ന കടുവയെ 2 ദിവസമായി കണ്ടിട്ടില്ല. വടാനക്കവലയിൽ കണ്ടു തെരച്ചിൽ നടത്തുന്നതിനിടെ കടുവ സുരഭിക്കവലയിലേക്കു പോയെന്നാണ് കരുതുന്നത്.
കടുവ രണ്ട് ദിവസം മുമ്പ് പകൽ സമയത്ത് കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നു. മൂന്നിടത്ത് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവയെ കുടുക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് രാപകൽ പട്രോളിങ് നടക്കുകയാണ്. ആർആർടി സംഘത്തിന് പുറമേ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത സൗകര്യമില്ലാത്ത കുട്ടികളെ വനംവകുപ്പിന്റെ വാഹനങ്ങളിലാണ് സ്കൂളിലെത്തിച്ചത്.