Kerala

ഇത്ര കടുത്ത തീരുമാനം വേണ്ട, പാലോട് രവിയെ കൈവിടാതെ കെപിസിസി; രാജിക്കത്ത് പ്രസിഡന്റ് തള്ളി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി. പാലോട് രാവിയുടെ സേവനം കണക്കിലെടുത്ത് അദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശം നൽകി. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു പാലോട് രവിയുടെ രാജിപ്രഖ്യാപനം. ഇദ്ദേഹത്തിന്റെ പഞ്ചായത്താണ് പെരിങ്ങമല. ഇവിടെ കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പാലോട് രവി രാജിവച്ചത്. കെപിസിസി പ്രസിഡന്റിനാണ് രാജിക്കത്ത് നൽകിയത്.

കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട തുടങ്ങിയ പ്രദേശിക പ്രശ്നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തർക്കവുമാണ് പഞ്ചായത്ത് പ്രസിഡൻറും രണ്ട് അംഗങ്ങളും പാ‍ർട്ടി വിടാൻ കാരണം. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസ്, മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണ് സിപിഎമ്മിൽ ചേർന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി ഇവരെ സ്വീകരിച്ചു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത നേതൃത്വമാണ് നിലവിൽ കോൺഗ്രസിന് തിരുവനന്തപുരത്ത് ഉള്ളതെന്നായിരുന്നു രാജിവച്ചവരുടെ പ്രതികരണം.

മൂന്ന് പേരും പഞ്ചായത്തംഗത്വം രാജിവച്ചതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്. ഈ മൂന്ന് വാ‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. സിപിഎമ്മിൽ ചേർന്നവരെ തന്നെ ഈ വാർഡുകളിൽ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. സിപിഎമ്മിൽ ഏത് ഘടകങ്ങളിൽ ഇവർ പ്രവർത്തിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചത്