ദുരൂഹതയുടെ ചുരുളഴിയുന്നില്ല; കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
കാലിഫോർണിയയിൽ മലയാളി കുടുംബം മരണപ്പെട്ടതിൽ ദുരൂഹത ഒഴിയുന്നില്ല. ഫെബ്രുവരി 12നാണ് കാലിഫോർണിയ സാൻ മാറ്റിയോയിൽ വച്ച് കൊല്ലം സ്വദേശിയായ ആനന്ദ് സുജിത്ത് ഹെൻറി (42), ഭാര്യ ആലിസ് പ്രിയങ്ക (40), ഇരട്ട കുട്ടികളായ നോവ, നെയ്തൻ (4), എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണകാരണമെന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് തീർത്തും വിപരീതമായ വസ്തുതകളാണ്.
9 വർഷങ്ങൾക്ക് മുൻപാണ് ആനന്ദും ആലിസും കേരളത്തിൽ നിന്ന് യുഎസിലേക്ക് പോയത്. ഗൂഗിൾ, മെറ്റ എന്നിവിടങ്ങളിൽ സോഫ്‌റ്റ്വെയർ എഞ്ചിനിയറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആനന്ദ്. ഭാര്യയും ടെക്കി തന്നെയാണ്. കുറച്ച് നാൾ മുൻപാണ് ആനന്ദ് ജോലി രാജിവച്ച് സ്വന്തമായി ലോജ്ടിസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഭാര്യ ആലിസ് സില്ലോയെന്ന കമ്പനിയിൽ ഡേറ്റ സയൻസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. 2016 ൽ ഹെൻറി വിവാഹ മോചനത്തിനായി കേസ് നൽകിയെങ്കിലും പിന്നീട് അതുമായി മുന്നോട്ട് പോയിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ 9.15നാണ് പൊലീസുകാർ മരണം നടന്ന വീട്ടിലെത്തുന്നത്. പലതവണ കതകിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. പരിസരം വീക്ഷിച്ച പൊലീസ് തുറന്ന് കിടന്ന ജനൽ വഴിയാണ് വീടിനകത്ത് പ്രവേശിച്ചത്. ആനന്ദിനേയും ഭാര്യ ആലിസിനേയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് വെടിയേറ്റുണ്ടായ മുറിവുകളുണ്ടായിരുന്നു. കുട്ടികൾ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. നാല് പേരുടേയും മരണകാരണം വ്യക്തമല്ല. കുളിമുറിയിൽ നിന്ന് 9mm പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് നിന്ന് വീട്ടിൽ അജ്ഞാതർ അതിക്രമിച്ചെത്തിയതിന്റെ അടയാളങ്ങളോ, സംഘർഷം നടന്നതിന് തെളിവുകളോ ഇല്ല. കുട്ടികളെ ശ്വാസം മുട്ടിച്ചോ, മരുന്ന് നൽകിയോ ആകാം കൊലപ്പെടുത്തിയിരിക്കുകയെന്നാണ് പ്രാഥമിക നിഗമനം.
ഇവർ സാൻ മാറ്റിയോയിലെ വിവിധ വീടുകളിലായി വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം പൊലീസിന് പലപ്പോഴായി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫോൺകോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ മരണത്തിലേക്ക് നയിച്ചതെന്തെന്നുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.