National

‘ലോകത്തിന് വേണ്ടത് സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകൾ’; മോദി

Spread the love

സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളെയാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തൻ്റെ തത്വം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് തൻ്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി. ദുബായിൽ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാങ്കേതികവിദ്യയെ മാധ്യമമാക്കുന്ന, സുതാര്യവും അഴിമതിയില്ലാത്തതുമായ ഒരു സ്മാർട്ട് ഗവൺമെൻ്റാണ് ഇപ്പോൾ ലോകത്തിന് ആവശ്യം. ഒരു വശത്ത്, ലോകം ആധുനികതയെ സ്വീകരിക്കുന്നു, മറുവശത്ത്, നൂറ്റാണ്ടുകളായുള്ള വെല്ലുവിളികൾ തുടർച്ചയായി ഉയരുന്നു. ഭക്ഷ്യസുരക്ഷയോ, ആരോഗ്യസുരക്ഷയോ, ജലസുരക്ഷയോ, ഊർജ സുരക്ഷയോ, വിദ്യാഭ്യാസമോ എന്തുമാകട്ടെ പൗരന്മാരോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഗവൺമെൻ്റ് ബാധ്യസ്ഥരാണ്’-മോദി പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുമാണ് തൻ്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മോദി.

ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി നിലകളില്‍ താന്‍ 23 വര്‍ഷം സര്‍ക്കാരില്‍ ചെലവഴിച്ചു. ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവര്‍ണന്‍സ്’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.