Kerala

90 മണിക്കൂർ പിന്നിട്ട് ബേലൂർ മഖ്ന മിഷൻ; സംഘത്തിന് നേരെ പാഞ്ഞടുത്ത് ആനക്കൊപ്പമുള്ള മോഴ; ദൗത്യം നീളും

Spread the love

മാനന്തവാടി: ബേലൂർ മഖ്നയെ തേടിയിറങ്ങിയ ദൗത്യ സംഘത്തിന് നേരെ പാഞ്ഞാടുത്ത് ഒപ്പമുള്ള മോഴ. ബാവലി കാടുകളിൽ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ദൗത്യം 90 മണിക്കൂർ പിന്നിടുമ്പോൾ ആനയെ മയക്കുവെടി വയ്ക്കാൻ ഇതുവരെ അവസരമൊത്തില്ല. അതിനിടയിൽ അജീഷിനെ ആക്രമിച്ചു കൊന്ന പടമലയിൽ ഇന്നു കടുവ ഇറങ്ങിയതോടെ ഭീതിയുടെ നടുക്കാണ് നാട്. ദൗത്യ സംഘം ബേലൂർ മോഴയ്ക്ക് പിറകെ പാഞ്ഞപ്പോൾ കൂട്ടുകാരൻ മോഴയാണ് പ്രതിരോധം തീർത്ത് പാഞ്ഞടുത്തത്. ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.

പൊന്തക്കാടും ആനയുടെ വേഗവും ഇന്നും ദൗത്യം മുടക്കി. ദൗത്യ സംഘത്തിന്റെ കണ്ണുവെട്ടിച്ചു ഒളിച്ചു കളിക്കുന്ന മോഴയെ കണ്ടെത്താൻ തെർമൽ ക്യാമറ വരുത്തിയെങ്കിലും ഫലിച്ചില്ല. കാടിളക്കി തിരച്ചിലിനിടെ കുംകിയുടെ പുറത്തേറി ഉന്നംപിടിച്ചു. മരമുകളിൽ കയറിയും തോക്കേന്തി. എന്നാൽ വെടിയുതിർക്കാൻ കിട്ടാതെ ആയിരുന്നു ബേലൂർ മോഴയുടെ വിലസൽ. ദൗത്യം അടുത്ത ദിവസത്തേക്ക് നീളുമെന്ന് സംഘം അറിയിച്ചു.

ശ്രദ്ധ ആനയിലേക്ക് പോയപ്പോൾ വീണ്ടും ആശങ്കയായി മറ്റൊരു വന്യജീവി. കണ്ടത് പള്ളിയിൽ പോയി മടങ്ങിയ നാട്ടുകാരി. തുടർന്ന് ഭീതി പ്രതിഷേധത്തിന് വഴിമാറി. പുൽപള്ളി സുരഭിക്കവലയിൽ ഇറങ്ങിയ കടുവയെ പിടിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റേഞ്ച് ഓഫീസറെ തടഞ്ഞായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.