റിസര്‍വ് ബാങ്കാണ് ഗ്യാരണ്ടി, ഫെബ്രുവരി 16 കഴിഞ്ഞാൽ പിന്നെ ചിന്തിച്ചിട്ട് കാര്യമില്ല! നിക്ഷേപകർ അറിയേണ്ടത്..
യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയോ ഓൺലൈൻ ബാങ്കിംഗ് വഴിയോ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാം. ഫെബ്രുവരി 16 വരെ ഗോൾഡ് ബോണ്ട് സ്കീമിൽ നിക്ഷേപിക്കാം. ആകെ അഞ്ച് ദിവസത്തേക്കാണ് പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്നത്.
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഒരു സ്വർണ്ണ ബോണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. 2015 നവംബറിലാണ് ഇത് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ കുറഞ്ഞത് 1 ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാം. 24 കാരറ്റ് അതായത് 99.9 ശതമാനം ശുദ്ധമായ സ്വർണ്ണത്തിൽ പദ്ധതിയിലൂടെ നിക്ഷേപിക്കാം. ഈ സ്കീമിൽ ഓൺലൈനായി നിക്ഷേപിക്കുകയാണെങ്കിൽ ഗ്രാമിന് 50 രൂപ അധിക കിഴിവ് ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 1 ഗ്രാം മുതൽ പരമാവധി 4 കിലോഗ്രാം വരെ സ്വർണം വാങ്ങാം.
സോവറിൻ ഗോൾഡ് ബോണ്ടുകൾ എവിടെ നിന്ന് വാങ്ങാം?
എൻഎസ്ഇ, ബിഎസ്ഇ, പോസ്റ്റ് ഓഫീസ്, കൊമേഴ്സ്യൽ ബാങ്ക്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ) എന്നിവയിലൂടെ നിക്ഷേപം നടത്താം. ഈ സ്കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ 4 കിലോ വരെ സ്വർണം വാങ്ങാൻ സാധിക്കൂ. അതേ സമയം ഒരു സ്ഥാപനത്തിനോ ട്രസ്റ്റിനോ പരമാവധി 20 കിലോ സ്വർണം വാങ്ങാം.
പലിശ ആനുകൂല്യം
എസ്‌ബിജി സ്കീമിന് കീഴിൽ, എട്ട് വർഷത്തേക്ക് നിക്ഷേപിക്കാം, അതിൽ അഞ്ച് വർഷത്തെ കാലയളവ് പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് പുറത്തുപോകാനുള്ള അവസരം ലഭിക്കും. നിക്ഷേപിച്ച തുകയ്ക്ക് വാർഷികാടിസ്ഥാനത്തിൽ 2.50 ശതമാനം പലിശ സർക്കാർ നൽകുന്നു. ഈ പലിശ അർദ്ധ വാർഷികാടിസ്ഥാനത്തിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു. ഫെബ്രുവരി 12ന് പുറത്തിറങ്ങുന്ന എസ്‌ജിബി സ്‌കീമിന്റെ ഇഷ്യൂ വില ആർബിഐ തീരുമാനിച്ചിട്ടില്ല.