അന്ന് പരിക്ക് പറ്റിയവര്‍ സഭയിലെത്തിയാല്‍ സിപിഎം കുലംകുത്തികളെന്ന് വിളിക്കും; മുഖ്യമന്ത്രിയെ സഭയിലിരുത്തി രമ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സഭയിലിരുത്തി സിപിഎമ്മിനെതിരെ കുലംകുത്തി പ്രയോഗവുമായി കെകെ രമ എംഎൽഎ. സ്വാശ്രയ കോളേജിനെതിരായ സമരത്തില്‍ പങ്കെടുത്തവരോടുള്ള വഞ്ചനയാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള നീക്കമെന്ന് കെകെ രമ നിയമസഭയിൽ പറഞ്ഞു. അന്ന് പരിക്ക് പറ്റിയവര്‍ ഇന്ന് സഭയിലെത്തിയാല്‍ സിപിഎം നേതാക്കളെ നോക്കി കുലംകുത്തികളെന്ന് വിളിക്കുമെന്നും കെകെ രമ വിമർശിച്ചു. ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്താണ് പിണറായി വിജയൻ കുലംകുത്തി പ്രയോഗം നടത്തിയത്. ഈ പദപ്രയോഗത്തിനെതിരെ വളരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നെങ്കിലും പ്രയോഗം പിൻവലിക്കാൻ പിണറായി തയ്യാറായില്ല. കുലംകുത്തികൾ എന്നും കുലംകുത്തികൾ തന്നെയെന്നായിരുന്നു അന്നത്തെ സിപിഎം സെക്രട്ടറിയായിരുന്ന പിണറായിയുടെ അധിക്ഷേപം.
അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനു മുന്നോടിയായി വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനത്തിൽ പുനഃപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വിഷയം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിബി വിഷയം വിശദമായി ചർച്ച ചെയ്യും. സിപിഐയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് വിദേശ സർവ്വകലാശാലക്ക് അനുമതി നൽകാനുളള നിർദ്ദേശം പുന:പരിശോധിക്കാമെന്നതിലേക്ക് സിപിഎം എത്തിച്ചേർന്നത്.
വിദേശ സർവ്വകലാശാല നിലപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എതിർപ്പ് അറിയിച്ചിരുന്നു. വിദേശ സര്‍വ്വകലാശാകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വ്വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് ബാലഗോപാലിന്റെ ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് സിപിഐക്ക്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നു. പിന്നാലെയാണ് സിപിഐ അതൃപ്തി സിപിഎമ്മിനെ അറിയിച്ചത്.