Kerala

മിഷൻ ബേലൂർ മഖ്‌ന; കാട്ടാനയെ പിടികൂടന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും

Spread the love

വയനാട് പടമലയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ആർആർടി സംഘം എത്തും. മണ്ണാർകാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ സേനാംഗങ്ങളും പ്രദേശത്തെത്തും.

ഇന്നലെ ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആനയെ കർണാടക അതിർത്തി കടത്തിവിടാൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.