അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി
അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ, മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ എന്നിവർക്കെതിരെയാണ് പരാതി.
പാലി ജില്ലയിൽ നിന്നുള്ള സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ മഹേന്ദ്ര മേവാഡ, മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരി എന്നിവർ അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയായിരുന്നു.
അംഗൻവാടിയിലെ ജോലിക്കായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് മറ്റ് സ്ത്രീകളുമൊത്ത് താൻ സിരോഹിയിൽ എത്തിയത്. ഭക്ഷണവും താമസിക്കാൻ സ്ഥലവും പ്രതികൾ ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇവരെ കാണാനെത്തി. എന്നാൽ ഭക്ഷണത്തിൽ മയക്കമരുന്ന് കലർത്തി മയക്കിയ ശേഷം തങ്ങളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു.
ബോധം തെളിഞ്ഞപ്പോൾ പ്രതികൾ തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഇരുവരും തങ്ങളെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.