അയോധ്യ പ്രശ്‌നം ബിജെപി രാഷ്ട്രീയ ധ്രുവീകരണത്തിനായി ഉപയോഗിച്ചു; പാര്‍ലമെന്റ് ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ് എംപിമാര്‍
അയോധ്യ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മാത്രം പാര്‍ലമെന്റ് സമ്മേളനം ഇന്നത്തേക്ക് കൂടി നീട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ് എംപിമാര്‍ ഇന്ന്. അയോധ്യ പ്രശ്‌നം ബിജെപി രാഷ്ട്രീയ ധ്രുവീകരണത്തിനാണ് ഉപയോഗിച്ചതെന്നും പാര്‍ലമെന്റില്‍ എല്ലാം കഴിഞ്ഞതിന് ശേഷം ചര്‍ച്ചയ്ക്കായി ഒരു ദിവസം തന്നെ മാറ്റിവെച്ചത് അപലപനീയമാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ബിജെപിക്ക് രാമക്ഷേത്രം അടക്കമുള്ള കാര്യങ്ങളില്‍ അവരുടേതായ രാഷ്ട്രീയ അജണ്ടകളാണുള്ളത്. ഇന്ത്യയിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുണ്ട്. അവയ്‌ക്കൊന്നും പാര്‍ലമെന്റില്‍ അവസരം ഉണ്ടായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നള്ളൂ. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പ്രകാരം പൊതുവായ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതാക്കള്‍ നിരന്തരമായി നോട്ടീസ് കൊടുത്തിട്ടും അതൊന്നും അംഗീകരിക്കാതെ ഇപ്പോള്‍ തലേദിവസം രാത്രി വരെ അജണ്ട എന്താണെന്ന് വ്യക്തമാക്കാതെ പിറ്റേന്ന് അയോധ്യ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വഴിയൊരുക്കുകയായിരുന്നു. ഈ സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും നിഗൂഢതമാണ്. ബിജെപി കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
ന്യൂനപക്ഷത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അടക്കം ഉത്തരാഖണ്ഡിലെ സംഭവവികാസങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുവാന്‍ പലപ്പോഴും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അതിന് മുന്നോട്ട് വന്നില്ല. ഇപ്പോള്‍ ഒരു ദിനം തന്നെ അയോധ്യ വിഷയം ചര്‍ച്ച ചെയ്യാന്‍ മാറ്റിവെച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഏത് ഘട്ടത്തിലും മുസ്ലിം ലീഗ് പ്രതികരിച്ചിട്ടുണ്ട്. ആ പ്രതിഷേധം തുടരുമെന്നും എംപിമാര്‍ പറഞ്ഞു.
രാജ്യത്തെ മതേതരത്വത്തെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞ ഒരു സര്‍ക്കാരാണ് ഇന്ത്യയിലേത്. ആ ഗവണ്‍മെന്റ് നയങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.