Kerala

‘ഖാർഗെയെ ക്ഷണിക്കാനയച്ചത് തങ്ങളിൽ നിന്ന് മറുകണ്ടം ചാടിയ ആളെ’; ഡൽഹി സമരത്തിൽ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാത്തിനാലെന്ന് കെ മുരളീധരൻ

Spread the love

കേന്ദ്ര സർക്കാരിനെതിരെ കേരള സർക്കാർ ഡൽഹിയിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തത് മാന്യമായ ക്ഷണം ലഭിക്കാത്തിനാലെന്ന് കെ മുരളീധരൻ. രാഷ്ട്രീയകാരണങ്ങളല്ല, വ്യക്തിപരമായ കാരണങ്ങളാലാണ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ പങ്കെടുക്കാത്തത് എന്ന് അദ്ദേഹം പ്രതികരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിക്കാൻ പി രാജീവിനെപ്പോലെ ഒരു മന്ത്രിയെ അയച്ചപ്പോൾ ഖാർഗെയെ ക്ഷണിക്കാനയച്ചത് തങ്ങളിൽ നിന്ന് മറുകണ്ടം ചാടിയ ആളെയാണ്. അതുകൊണ്ട് കാണാനുള്ള അവസരം പോലും നൽകാതിരുന്നത്. ഇത് കടുത്ത അവഹേളനമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. കെവി തോമസിനെയാണ് ഖാർഗെയെ ക്ഷണിക്കാനയച്ചത്.

ഡൽഹി സമരം രാഷ്ട്രീയ നാടകമാണ്. ദേശീയ നേതാക്കളെ സമ്മർദ്ദം ചെലുത്തിയാണ് വേദിയിലെത്തിച്ചത്. കർണാടകയുടെ പ്രതിഷേധത്തെ കേരളവുമായി താരതമ്യം ചെയ്യാനാവില്ല. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും കേന്ദ്ര അവഗണനയും സമരാഗ്നിയിലൂടെ തുറന്നുകാട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.