‘തകരില്ല കേരളം, തളരില്ല കേരളം’; കേരളത്തിന്റെ പ്രതിഷേധ സമരത്തിന് തുടക്കം
കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിഷേധത്തിന് തുടക്കമായി. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല.
കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം. രാവിലെ 10.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള ഹൗസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ജന്തർ മന്തിറിലെ പ്രതിഷേധ വേദിയിലെത്തി.
മൂന്നു നിരകളിലായി 120 പേർക്ക് ഇരിക്കാനുള്ള ക്രമീകരണമാണ് സമരവേദിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും, പ്രതിഷേധത്തിന് എത്തുന്ന ദേശീയ നേതാക്കളും ആദ്യനിരയിൽ ഇരിക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌വാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എൻസിപി അധ്യക്ഷൻ ശരത് പാവാർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ, സമാജ് വാദി പാർട്ടി, ജെഎംഎം, ആർജെഡി എന്നീ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.