പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം; 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണം
കേരള പൊലീസിൽ പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ് വിവരം. 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരേ സ്റ്റേഷനിൽ നിന്നും നിരവധിപേർ അവധിക്കായി അപേക്ഷ സമർപ്പിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇനി മുതൽ അപേക്ഷ ലഭിച്ചാൽ, അത് അത്യാവശ്യം ആണോയെന്ന് പരിശോധിക്കണം. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ആ അപേക്ഷ അയക്കണം. തുടർന്ന് അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചാൽ ലീവ് റോൾ സമർപ്പിക്കണം.
മെഡിക്കൽ ഗ്രൗണ്ടിൽ അവധിയിൽ പ്രവേശിച്ചാൽ അത് അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.
ലീവിന്റെ ജെനുവിനിറ്റി പരിശോധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണം. ഈയിടെയായി പൊലീസുകാർ അധികമായി അവധി എടുക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.