Kerala

കൊല്ലത്ത് എൻഡിഎയിൽ പടലപ്പിണക്കം; പദയാത്രയിൽ പരി​ഗണന ലഭിച്ചില്ലെന്ന് പരാതിയുമായി ബിഡിജെഎസ്

Spread the love

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കൊല്ലത്ത് എൻ ഡി എ യിൽ പടലപ്പിണക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ കേരള പദയാത്രയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ബിഡിജെഎസിൻ്റെ പരാതി. ബിഡിജെഎസ് നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചതിലാണ് അമർഷം. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ട് കിട്ടിയ മണ്ഡലമാണിത്. ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിലാണ് തുടക്കത്തിലേയുളള സൗന്ദര്യപ്പിണക്കം.

ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റിനും ജില്ലാ അദ്ധ്യക്ഷനും വേദിയിൽ ഇരിപ്പിടം ക്രമീകരിക്കുന്നതിൽ തുടങ്ങുന്നു ബിഡിജെഎസിൻ്റെ പരാതി. ആശുപത്രിക്കിടക്കയിൽ നിന്ന് വേദിയിൽ എത്തിയ സംസ്ഥാന ഉപാധ്യക്ഷനും മാവേലിക്കരയിൽ കഴിഞ്ഞ തവണത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ തഴവ സഹദേവന് വേദിയിൽ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചു.

ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് പച്ചയിലിൽ ഇരിപ്പിടം സംസ്ഥാന ഉപാധ്യക്ഷനായി നൽകേണ്ടി വന്നു. ബിജെപി നേതാക്കളുടെ പ്രസംഗം നീണ്ടതോടെ പരിപാടിയിൽ ആശംസ അറിയിക്കാൻ പോലും ബിഡിജെഎസ് ഭാരവാഹികളെ വിളിച്ചില്ല. സദസിലും സ്ഥാനമില്ലാതെ കൊടിയുമായി വേദിക്കരികെ റോഡിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു ബിഡിജെഎസ് പ്രവർത്തകർക്ക്. ബിഡിജെഎസ് ജില്ലാ ഘടകം അതൃപ്തി കെ സുരേന്ദ്രനെ അറിയിച്ചു. എൻഡിഎ പരിപാടിയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ സപ്ലിമെന്റിൽ എൻ ഡി എ കൺവീനറായ തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം ഇല്ലാത്തതിലും അമർഷമുണ്ട് ബിഡിജെഎസിന്. പരസ്യ പ്രതിഷേധം വേണ്ടെന്നാണ് തുഷാറിൻ്റെ നിലപാട്. തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കാൻ നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകി.