ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റേത്; സാദിഖലി തങ്ങളുടെ പരാമർശത്തിന് എതിരെ INL നേതാവ്
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പാണക്കാട് സാദിഖ് അലി തങ്ങൾക്കും മുസ്ലിം ലീഗിനും എതിരെ INL രംഗത്ത്. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമർശത്തിന് എതിരെയാണ് INL നേതാവ് അബ്ദുൾ അസീസ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ഗാന്ധിയുടെ രാമരാജ്യമല്ല RSS ൻ്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് അണികളെ നേതാക്കൾ മണ്ടന്മാർ ആക്കുകയാണെന്നും INL ആരോപിക്കുന്നു.
കഴിഞ്ഞ മാസം 22ന് സാദിഖലി തങ്ങൾ നടത്തിയ പ്രസംഗത്തിലാണ് അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടത്. ലീഗിന്റെത് മൃദു ഹിന്ദുത്വ നിലപാടും ആർഎസ്എസ് അനുകൂല നിലപാടുമാണെന്ന് INL നേതാവ് അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. ബാബറി തകർത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം അഭിമാനകരമാണ് എന്ന പരാമർശം മുസ്ലിങ്ങൾക്ക് അപമാനകരമാണ്.
മുസ്ലിം സമുദായത്തോട് മുസ്ലിം ലീഗ് ചെയ്യുന്നത് കൊടും ചതിയാണ്. രാമരാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയാണ് രാമക്ഷേത്രം. ഇവിടെ വരേണ്ടത് RSS ൻ്റെ രാമരാജ്യമല്ല. കോൺഗ്രസ് പോലും പള്ളി തകർത്തതിന് എതിരാണെന്നാണ് പരസ്യമായി പറയുന്നത്. RSS, ലീഗ് നിലപാടുകൾ സമാനമാകുന്നത് അത്രമേൽ അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.