Monday, January 27, 2025
Kerala

ഇവിടെ മുസ്ലീങ്ങൾ കലാപം ഉണ്ടാക്കും എന്നാരും കരുതണ്ട, ഞങ്ങൾ ക്ഷമയുള്ളവർ’: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

Spread the love

മുസ്ലിംങ്ങൾ കലാപം ഉണ്ടാക്കും എന്ന് ആരും കരുതേണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പള്ളികൾ ഓരോന്നായി പൊളിക്കുകയാണെന്നും ഇതിൽ വികാരം കൊണ്ട് ഇവിടെ മുസ്ലീംങ്ങൾ കലാപം ഉണ്ടാക്കും എന്ന് ആരും കരുതേണ്ടെന്നും അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തങ്ങൾ അങ്ങേ അറ്റം ക്ഷമയുള്ളവരാണെന്നാണ് പ്രധാന മന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാൻ ഉള്ളതെന്നും കാന്തപുരം പറഞ്ഞു.

അതിക്രമിച്ചു കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ലെന്നും അതുകൊണ്ടുതന്നെ അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതതെന്നും കാന്തപുരം വ്യക്തമാക്കി. ആരാധനാ സ്വീകരിക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിങ്ങൾ ആരാധനാലയങ്ങൾ പണിതത്. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യുമെന്നും കാന്തപുരം പറഞ്ഞു. കഅബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണെന്നും കാന്തപുരം ഓർമിപ്പിച്ചു.

മുസ്‌ലീങ്ങളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് കാന്തപുരം മുസ്ലിയാർ ഐക്യദാർഡ്യം പ്രഖ്യപിച്ചു. മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലീങ്ങളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലീങ്ങൾ. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജീവിക്കുമെന്നും കാന്തപുരം പറഞ്ഞു.