Kerala

പള്ളി പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

പള്ളി പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് ആണ് മരിച്ചത്. 25 വയസായിരുന്നു.

ജനുവരി27ന് തൃശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്. അമ്പ് പെരുന്നാളിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കം ശ്രീകാന്തിരുന്ന ബൈക്കിന് മുകളിലേക്ക് വീണ് തീ പിടിക്കുകയായിരുന്നു.

നിർധനകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വെൽഡിങ് തൊഴിലാളിയായ ശ്രീകാന്ത്. ഗുരുതരമായി പൊള്ളലേറ്റ് ഒരാഴ്‌ചയായി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ഇതുവരെയുള്ള ചികിത്സച്ചെലവിന് പണം സ്വരൂപിച്ചിരുന്നത്.