Kerala

കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫില്ലെന്ന നിലപാട്; പിന്നാലെ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം

Spread the love

കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് ക്ഷണിക്കും. പ്രതിഷേധ പരിപാടിയുടെ സംഘാടനത്തിനായി ഡല്‍ഹിയില്‍ സമിതികള്‍ രൂപീകരിച്ചു. സമര വേദിയിലേക്ക് മമത ബാനര്‍ജിക്ക് ക്ഷണമില്ല.

ഡല്‍ഹിയില്‍ ഫെബ്രുവരി 8നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമരം നിശ്ചയിച്ചിട്ടുള്ളത്. യോജിച്ച സമരത്തിന് ഇല്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫിന്റെ നീക്കം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് കൂടിക്കാഴ്ചക്ക് സമയം തേടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര്‍ ജെ ഡി നേതാവ് തേജസ്വിയാദവ്, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് ക്ഷണിക്കും. നവീന്‍ പട്‌നായിക് അടക്കം മറ്റ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെയും സമരത്തില്‍ അണിനിരത്താന്‍ നീക്കമുണ്ട്. അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ക്ഷണമില്ല. ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ പങ്കാളിത്തവും പ്രതിഷേധത്തില്‍ ഉറപ്പാക്കും. സമര സംഘാടനത്തിനായി എം പി മാരായ, ഡോ.വി ശിവദാസന്‍, എ എ റഹിം, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചു.