ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേടിയ കന്നി ഇരട്ട സെഞ്ചുറിയുടെ (209*) ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്സ്വാളിനൊപ്പം കുൽദീപ് യാദവാണ് ക്രീസില്‍.
14 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും 34 റണ്‍സെടുത്ത ഗില്ലിനേയും 27 അടിച്ച ശ്രേയസ് അയ്യരേയും 32 റണ്‍സെടുത്ത രജത് പാട്ടിദാർ, അക്‌സർ പട്ടേൽ, ശ്രീകർ ഭരത്, രവി അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.രോഹിതിനെ ഷോയിബ് ബഷീറും ഗില്ലിനെ ആന്‍ഡേഴ്‌സണുമാണ് വീഴ്ത്തിയത്. ശ്രേയസ് അയ്യരെ ടോം ഹാര്‍ട്ട്ലി വിക്കറ്റില്‍ കുരുക്കി. പാട്ടിദറിനെ റിഹാന്‍ അഹ്മദും മടക്കി.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ 3 മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്. സര്‍ഫ്രാസ് ഖാന്‍ ടീമില്‍ എത്തിയേക്കുമെന്ന് കരുതിയെങ്കിലും ഫൈനല്‍ ഇലവനിലേക്ക് പരിഗണിച്ചില്ല.
ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിക്കും. മാര്‍ക് വുഡിന് പകരമായാണ് ആന്‍ഡേഴ്‌സന്‍ എത്തുക. പരിക്കിലുള്ള സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. പകരം യുവ സ്പിന്നര്‍ ഷോയിബ് ബഷീര്‍ ടീമിലെത്തി.
ആദ്യടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ കടവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതിന്റെ സമ്മര്‍ദം ടീമിനുണ്ട്. ഇംഗ്ലണ്ടാകട്ടെ, ഒന്നിനെയും ഭയപ്പെടാത്ത ‘ബാസ്‌ബോള്‍’ ശൈലി വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.