വണ്ടിപ്പെരിയാര്‍ കേസ് നിയമസഭയില്‍; സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സണ്ണി ജോസഫ് എംഎല്‍എയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടര്‍ന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയെ സഹായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കുറ്റം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും ആദ്യ ദിവസം മുതല്‍ അടച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് സഹായിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി പാല്‍രാജിനെ കോടതി വെറുതെ വിട്ടതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണുണ്ടായത്.കുറ്റാരോപിതന്‍ രക്ഷപെട്ടതിന് പിന്നില്‍ സിപിഐഎം ബന്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കം ആരോപിച്ചിരുന്നു.
തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.