ട്രെയിന്‍ കാത്ത് മറുനാടന്‍ മലയാളികള്‍; കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ
കേന്ദ്ര ഇടക്കാല ബജറ്റ് പ്രഖ്യാപനം അല്‍പ്പസമയത്തിനകം നടക്കും. കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ട്രെയിന്‍ ഗതാഗത പരിഹാരം. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം കേരളത്തിലേക്ക് വരേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഈ പ്രതീക്ഷയുമായി കാത്തിരിക്കുന്നത്.
യാത്രാക്ലേശം കൂടുതല്‍ ട്രെയിനുകള്‍ വന്നാല്‍ ഇല്ലാതാകുമെന്നാണ് ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള മലയാളികള്‍ പറയുന്നത്. ആകെ പതിനൊന്ന് ട്രെയിനുകളാണ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ളത്. ഇതില്‍ എട്ട് ട്രെയിനുകള്‍ സെന്‍ട്രല്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും മൂന്ന് ട്രെയിനുകള്‍ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നുമാണ് പുറപ്പെടുന്നത്.
യാത്രാക്ലേശം നിലവില്‍ മറികടക്കാന്‍ വിഷു ഓണം, ക്രിസ്മസ് ഉള്‍പ്പെടെയുള്ള സീസണല്‍ സമയങ്ങളില്‍ അധിക ട്രെയിന്‍ സര്‍വീസ് അനുവദിക്കുക മാത്രമാണ് ചെയ്യുന്നത്. പത്ത് ലക്ഷത്തിലധികം മലയാളികള്‍ ചെന്നൈ നഗരത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ കൂടുതല്‍ പേരും ബസിനെ ആശ്രയിച്ചാണ് അവധി ദിവസങ്ങളില്‍ നാട്ടിലേക്ക് എത്തുന്നത്.