‘റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ നടപടിയില്ല, പുതിയ റെയില്‍വേ പദ്ധതികളില്ല’; കേന്ദ്ര ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ ഉള്‍പ്പെടെ നടപടിയുണ്ടായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നെല്‍കൃഷിയ്ക്കും കേരകൃഷിയ്ക്കും പരിഗണന ലഭിച്ചില്ല. പുതിയ റെയില്‍വേ പദ്ധതികളില്ല. കേരളത്തിന്റെ നെല്‍ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയില്‍ സര്‍വ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടുള്ളതായി കാണാനില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മേഖലാപരമായ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതും സംസ്ഥാന താല്‍പര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു പൊതുവില്‍ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
കഴിഞ്ഞ വര്‍ഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സെന്ന് മുഖ്യമന്ത്രി പറയുന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തില്‍ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കല്‍ കുറച്ചിരിക്കുകയാണ്. തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോര്‍പ്പസ് ഫണ്ട് എന്നതില്‍ ഇതാണു തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.