Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ ബാബുവിന് തിരിച്ചടി; 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

Spread the love

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നതായിരുന്നു കേസ്. കേസില്‍ ഇ.ഡി കെ ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിജിലന്‍സും മുന്‍പ് കേസില്‍ അന്വേഷണം നടത്തിയിരുന്നു.

കെ ബാബുവിന് 25.82 ലക്ഷം രൂപയുടെ അധികസ്വത്തുണ്ടെന്ന് കാട്ടി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ഇ ഡി നടപടികള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള ഇ ഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്. 01.07.2007 മുതല്‍ 31.05.2016 വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നു കെ ബാബു. 150 കോടി രൂപയുടെ ക്രമക്കേട് കെ ബാബു നടത്തിയെന്നായിരുന്നു പരാതിയെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയിരുന്നത്.