മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി; ലോകത്തേറ്റവും അധികം ദിനോസറുകളുണ്ടായിരുന്നത് ഇന്ത്യയിലോ
ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു.
ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.