National

ഛത്തീസ്ഗഡ് മുൻ മന്ത്രിയുടെ വസതിയിൽ ആദായ നികുതി റെയ്ഡ്

Spread the love

കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മന്ത്രിയുമായ അമർജീത് ഭഗത്തിൻ്റെ വസതിയിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. അംബികാപൂരിലെ വസതിയിലാണ് പരിശോധന. ഛത്തീസ്ഗഡിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഐടി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മുൻ മന്ത്രിയുടെ അനുയായികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഭഗത്തിൻ്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

നടപടിക്ക് പിന്നിലെ കാരണം ആദായനികുതി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കൽക്കരി ലെവി അഴിമതി ആരോപണത്തിൽ സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വിഭാഗം/ആൻ്റി കറപ്ഷൻ ബ്യൂറോ നൽകിയ എഫ്ഐആറിൽ പേരുള്ള 35 പ്രതികളിൽ ഒരാളാണ് അദ്ദേഹം. മുൻ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് ഇഡിയും അന്വേഷണം നടത്തുണ്ട്.

മുൻ ഭൂപേഷ് ബാഗേൽ സർക്കാരി ഭക്ഷ്യ സിവിൽ സപ്ലൈസ്, സാമ്പത്തിക ശാസ്ത്രം, ആസൂത്രണം തുടങ്ങിയ വകുപ്പുകളാണ് ഭഗത് വഹിച്ചിരുന്നത്. മുൻ മന്ത്രി അമർജീത് ഭഗത്തിന് പുറമെ ഛത്തീസ്ഗഡിലെ നിരവധി ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിൽ ഐടി റെയ്ഡ് നടത്തുന്നുണ്ട്.