National

ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

Spread the love

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പട്ന ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 19ന് കേന്ദ്ര ഏജൻസി തേജസ്വിക്ക് സമൻസ് അയച്ചിരുന്നു.

നേരത്തേ ഡിസംബർ 22 ന് ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വി യാദവിന് ഇഡി നോട്ടീസ് നൽകിയിരുന്നു. പിന്നീട് 5 ന് ഹാജാരാകാൻ ആവശ്യപ്പെട്ടു. എന്നാൽ തേജസ്വി ഹാജരായിരുന്നില്ല. തുടർന്ന് 27ന് ഹാജരാകാനും നോട്ടീസ് നൽകി. അന്നും ഹാജരാകാതിരുന്നതോടെയാണ് ഇന്ന് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ആർജെഡി മേധാവിയും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ് യാദവിനെ ഇഡി ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഡൽഹിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ലാലുവിനെ ചോദ്യം ചെയ്തത്. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണ് ഇഡി ഓഫിസിലേക്ക് ലാലു എത്തിയത്. പട്നയിലെ ഓഫീസിന് മുൻപിൽ ആർജെഡി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമായിരുന്നു തീർത്തത്. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛവിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ ഭൂമി എഴുതി വാങ്ങിയെന്നതാണു കേസ്.