National

ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ല; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം

Spread the love

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ലെന്നാണ് വിവരം. പ്രശ്നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്.

ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും സി.പി.ഐ.എം കടന്നു. കേരളത്തിൽ ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മറ്റി യോഗത്തിൽ വ്യക്തമാക്കി. 11,12 തീയതികളിലാണ് സി.പി.ഐ.എം സംസ്ഥാന സമിതി ചേരുകയെന്നാണ് ലഭ്യമാകുന്ന വിവരം.

ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിക്കുന്നില്ലെന്ന സിപിഐഎമ്മിന്റെ വിമർശനം നിലനിൽക്കേ ബംഗാൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്തെത്തി. ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്ത് ഉണ്ടെന്നും ഇത് സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നുമാണ് ഖാർഗെ വ്യക്തമാക്കിയത്. സഖ്യത്തിന് വേണ്ടിയാണ് മിണ്ടാതിരുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

‘നിതീഷ് കുമാർ പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ലാലു യാദവുമായും തേജസ്വി ജിയുമായും സംസാരിച്ചപ്പോൾ അവരും ഇതുതന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് തുടരാൻ താല്പര്യം ഉണ്ടായിരുന്നില്ല, താല്പര്യമുണ്ടായിരുന്നെങ്കിൽ പോകില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യ മുന്നണിയെ ഓർത്താണ് ഒന്നും മിണ്ടാതിരുന്നത്. എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ തെറ്റായ സന്ദേശമാവും അത് നൽകുക’- ഖാർഗെ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന് വൻ തിരിച്ചടിയാണ് നിതിഷ് കുമാർ ബിജെപി പാളയത്തിലേക്കെത്തുന്നത്.