യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. കോടതി നിർദേശപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.
പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയശേഷം മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറിലുണ്ട്. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിൻ്റെ ന്യായം. തുടർന്ന് ഇവരുടെ പരാതിയിൽ ആലപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.