National

അസാമാന്യ മെയ്‌വഴക്കത്തോടെ ബിജെപി പാളയത്തിലും ആര്‍ജെഡിക്കൊപ്പവും കളംമാറിക്കളിച്ച നിതിഷ്

Spread the love

അസാമാന്യ മെയ് വഴക്കത്തോടെ ബിജെപി പാളയത്തിലും ആര്‍ജെഡിക്കൊപ്പവും മാറിമാറി കളം ചവിട്ടുന്ന ഭാവവ്യത്യാസമില്ലാത്ത രാഷ്ട്രീയക്കാരനാണ് നിതിഷ് കുമാര്‍. 2000ത്തിലാണ് നിതിഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി ആദ്യമായി അധികാരത്തിലെത്തുന്നത്. അന്ന് കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍. എന്നാല്‍ അധികാരത്തില്‍ തുടരാന്‍ കേവല ഭൂരിപക്ഷമായ 163 സീറ്റ് ഇല്ലാതെ വന്നതോടെ കേവലം ഒരാഴ്ചയ്ക്കുള്ളില്‍ നിതിഷ് രാജിവച്ചു. അങ്ങനെ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവി മുഖ്യമന്ത്രിയായി.

2005 മുതല്‍ 2010 വരെയായിരുന്നു നിതിഷ് കുമാറിന്റെ രണ്ടാം മന്ത്രിപദവിക്ക് തുടക്കമാകുന്നത്. 2005 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ 75 സീറ്റോടെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അന്ന് ജെഡിയുവിന് ഉണ്ടായിരുന്നത് 55 സീറ്റ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതോടെ ഒക്ടോബറില്‍ വീണ്ടും തെരഞ്ഞെ
ടുപ്പ് നടത്തി. 88 സീറ്റോടെ നിതിഷ് വീണ്ടും മുഖ്യന്ത്രിയായി. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയും പിന്നില്‍ ബിജെപിയും മൂന്നാമത് ആര്‍ജെഡിയും. അങ്ങനെ ബിജെപിയുടെ പിന്തുണയോടെ നിതിഷ് കുമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി.

2010ല്‍ നിതിഷിന്റെ ജെഡിയു 141 സീറ്റുകളില്‍ മത്സരിച്ച് 115ലും വിജയിച്ചു. 22 സീറ്റില്‍ മാത്രം ജയിച്ച് ആര്‍ജെഡിക്ക് കനത്ത പരാജയം. 2015ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി ജയിച്ചപ്പോള്‍ നിതിഷിന്റെ പാര്‍ട്ടിക്ക് 73 സീറ്റ്. ബിജെപി മൂന്നാം സ്ഥാനത്ത്. അങ്ങനെ നിതിഷ് കുമാര്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

എന്നാല്‍ പ്രധാനമന്ത്രി മോഹം ഉള്ളില്‍ക്കൊണ്ടുനടന്ന നിതിഷ്, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ബിജെപിയുമായുള്ള സഖ്യം വഷളായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിതിഷ് കുമാറിന്റെ ജെഡിയു ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന് 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തി. 80 സീറ്റ് ആര്‍ജെഡിക്കും 69 സീറ്റ് ജെഡിയുവിനും. എന്നിട്ടും വാഗ്ദാനം ചെയ്തതുപോലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നിതിഷിന് മുഖ്യമന്ത്രിസ്ഥാനം നല്‍കി, അഞ്ചാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2017ല്‍ തേജസ്വി യാദവിനെതിരെ റെയില്‍ ഭൂമി -ജോലി തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ആര്‍ജെഡിയുമായുള്ള ബന്ധം തകര്‍ത്തു നിതിഷ് . പിന്നാലെ നിയമസഭയില്‍ 59 സീറ്റ് മാത്രമുള്ള ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം. അങ്ങനെ നിതിഷ് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാമതെത്തിയ ബിജെപി 43 സീറ്റുമാത്രം കിട്ടി ദയനീയമായി തോറ്റ് നിന്ന ജെഡിയുവിനെ കൂടെക്കൂട്ടി വീണ്ടും നിതിഷിനെ മുഖ്യമന്ത്രിയാക്കി. 2022ല്‍ കൂടുമാറിയെങ്കിലും നിതിഷിന് തന്നെ മുഖ്യമന്ത്രിസ്ഥാനം. വീണ്ടും ആര്‍ജെഡിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. ഇപ്പോള്‍ 2024 ജനുവരി 28ന് ബിജെപി പാളയത്തിലേക്ക് വീണ്ടും ചാടി മുഖ്യമന്ത്രിക്കസേരയിലേക്ക് ഒരിക്കല്‍ കൂടി വരാന്‍ തയ്യാറെടുക്കുന്നു നിതിഷ് കുമാര്‍.