റേഷൻ അഴിമതിക്കേസ്: ടിഎംസി നേതാവിനെതിരെ നടപടി കടുപ്പിച്ച് ഇഡി, ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും റെയ്ഡ്
പശ്ചിമ ബംഗാൾ റേഷൻ വിതരണ അഴിമതി കേസിൽ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒളിവിലുള്ള ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും റെയ്ഡ്. 24 പർഗാനാസ് ജില്ലയിൽ ഇഡി സംഘത്തെ ജനക്കൂട്ടം ആക്രമിച്ച് പത്തൊൻപത് ദിവസം പിന്നിടുമ്പോഴാണ് പുതിയ പരിശോധന.
ഇന്ന് പുലർച്ചെയാണ് സന്ദേശ്ഖാലി ഏരിയയിലെ ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ ഇഡി സംഘം എത്തിയത്. കേന്ദ്ര സായുധ പൊലീസ് സേനയിലെ 120 ലധികം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരുന്നു പരിശോധന. ലോക്കൽ പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഗേറ്റ് തകർത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അകത്ത് പ്രവേശിച്ചത്.
വീട്ടിൽ പ്രവേശിച്ച ശേഷം ഉദ്യോഗസ്ഥർ ഗേറ്റുകൾ അകത്ത് നിന്ന് പൂട്ടി തെരച്ചിൽ ആരംഭിച്ചു. റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. ജനുവരി അഞ്ചിന് തൃണമൂൽ നേതാവിന്റെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.