കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റിയത്.
ശനിയാഴ്‌ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം.
ട്രെയിൻ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികൾ പൂർണമായും ട്രാക്കിന് പുറത്താകുകയും പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകരുകയും ചെയ്‌തു. പിന്നീട് പാളം തെറ്റിയ ബോഗികൾ മാറ്റി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്.