National

കേന്ദ്രം ഇടപെട്ടു; രാമക്ഷേത്ര പ്രസാദ വിൽപന നിർത്തി ആമസോൺ

Spread the love

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ വിറ്റ മധുരപലഹാരങ്ങൾ ആമസോൺ നീക്കം ചെയ്തു. ‘രഘുപതി നെയ്യ് ലഡൂ,’ ‘ഖോയ ഖോബി ലഡൂ,’ ‘നെയ് ബുന്ദി ലഡൂ,’ ‘പശുവിൻ പാൽ പേഡ’ എന്നിവയാണ് ആമസോൺ വിറ്റ ഉൽപ്പന്നങ്ങൾ.

വില്പന ശ്രദ്ധയിൽപ്പെട്ടതോടെ വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആമസോൺ വിൽപന നിർത്തിയത്.

ചില വിൽപനക്കാർ ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യാൻ തെറ്റായ രീതി പിന്തുടരുന്നുണ്ടെന്നും അത്തരം വ്യാപാരികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആമസോൺപ്രതികരിച്ചിരുന്നു.

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നുമാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പരാതിയിൽ പറയുന്നത്.

നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. എന്നാൽ, ഔദ്യോ​ഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നായിരുന്നു പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.