World

ദക്ഷിണ കൊറിയൻ സിനിമ കണ്ടു; ഉത്തര കൊറിയയിൽ 16വയസുള്ള രണ്ട് കുട്ടികൾക്ക് 12 വർഷം ശിക്ഷ

Spread the love

ദക്ഷിണ കൊറിയൻ സിനിമകളും വീഡിയോസും കണ്ടതിന് ഉത്തരകൊറിയയിൽ രണ്ടു കുട്ടികൾക്ക് 12 വർഷത്തെ ശിക്ഷ. 16 വയസുള്ള രണ്ടു കുട്ടികൾക്ക് 12 വർഷത്തെ കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചത്. സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (എസ്എഎൻഡി) ഇൻസ്റ്റിറ്റ്യൂട്ടാണ് പ്യോങ്‌യാങ്ങിലെ കുട്ടികളെ പരസ്യമായി ശിക്ഷിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

മൂന്നു മാസത്തിലേറെയായി ദക്ഷിണ കൊറിയൻ സിനിമകളും മ്യൂസിക് വീഡിയോസ് കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ദ​ക്ഷിണ കൊറിയയിൽ നിന്നുള്ള ഇത്തരത്തിലുള്ളവ ആസ്വദിക്കുന്നത് വിലക്കുകയും പിടിക്കപ്പെട്ടാൽ കഠിന ശിക്ഷിക്കാനായി 2020ൽ ഉത്തരകൊറിയയിൽ പുതിയ നിയമം കൊണ്ടുവന്നിരുന്നു.

1000ത്തോളം വിദ്യാർഥികൾ നോക്കിനിൽക്കെയാണ് കുട്ടികളെ വിചാരണ ചെയ്തത്. രണ്ടു കുട്ടികൾ കൈക്കൂപ്പി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലാ വിദ്യാർഥികളും മാസ്‌ക് ധരിച്ചിരിക്കുന്നതിനാൽ ഈ ദൃശ്യങ്ങൾ കോവിഡ് സമയത്ത് ചിത്രീകരിച്ചതാണെന്നാണ് സൂചന. ബിബിസിയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു.

ഉത്തര കൊറിയയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നൽകുന്നതെന്നാണ് സാൻഡ് പ്രസിഡന്റും ടോക്കിയോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസിന്റെ ഡോക്ടറുമായ ചോയ് ക്യോങ്-ഹുയി പറയുന്നു. ദക്ഷിണ കൊറിയൻജീവിതശൈലി ഉത്തര കൊറിയയിൽ പ്രബലമാണെന്ന് അവർ പറഞ്ഞു.