‘ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ല, ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം’: ടി സിദ്ദിഖ്
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയിൽ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.
അവരെ അറിയില്ല അവരോട് സംസാരിച്ചിട്ടില്ല. ഫോൺ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവിൽ ഭാര്യ ജോലിയിൽ ഇല്ലായിരുന്നു. കേസ് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബർ 8 ന് ഭാര്യ ജോലിയിൽ നിന്നും രാജിവച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമനടപടി സ്വീകരിക്കും. ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.താൻ നേരത്തെ അവിടെ നിന്നും രാജിവച്ചിരുന്നു. താൻ വഴി സ്വീകരിച്ച നിക്ഷേപങ്ങളുടെ പണം തിരികെ നൽകിയെന്ന് ഷറഫുന്നിസ വ്യക്തമാക്കി.
എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം പരാതികൾ നടക്കാവ് പൊലീസിൽ മാത്രം ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മനേജർ ഷംന കെ ടി, ഡയറക്ടർമാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം.
മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.
പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.