മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ചുപേർ വെടിയേറ്റ് മരിച്ചു
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികൾ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മണിപ്പൂരിൽ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉൾപ്പടെ സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.
ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാൽ ജില്ലയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ മോറെയ്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആൾക്കൂട്ടം ആദ്യമെത്തിയത്. എന്നാൽ, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാൻ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.