‘പ്രതാപന്റേത് വീമ്പുപറച്ചില്‍; തൃശൂര്‍ ബിജെപി പിടിക്കുമെന്നത് പ്രധാനമന്ത്രിയുടെ സ്വപ്നം’; രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാജന്
ടി എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ രാജന്. ടി എന്‍ പ്രതാപന് അനാവശ്യമായി ബിജെപിയെ ഉയര്‍ത്തിപ്പിടിക്കുകയാണെന്നാണ് വിമര്‍ശനം. ചുവരെഴുതരുതെന്ന് പ്രതാപന് പറഞ്ഞിട്ട് പോലും കേള്‍ക്കാത്ത അണികളാണ് തൃശ്ശൂരില്‍ ഉള്ളത്. ആ അണികളോട് പ്രതാപന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ എങ്ങനെ കേള്‍ക്കുമെന്നും കെ രാജന് ചോദിച്ചു.
ഞങ്ങള്‍ പറഞ്ഞാലും കേള്‍ക്കാത്ത അണികളെ കൊണ്ടാണ് ഞങ്ങള്‍ നടക്കുന്നതെന്ന വീമ്പു പറച്ചിലാണ് ടി എന്‍ പ്രതാപന്റേത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം എന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവന നിരുത്തരവാദിത്തപരമാണ്. പ്രതിപക്ഷ നേതാവ് രാഷ്ട്രീയകാര്യ സമിതിയും പറയുമോ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് ചോദിച്ച കെ രാജന്, പുതുതായി തെരഞ്ഞെടുത്ത രാഷ്ട്രീയകാര്യ സമിതി അംഗമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം എന്ന് പറയുന്നതെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസിന് രാഷ്ട്രീയമുണ്ടെങ്കില്‍ ടി എന്‍ പ്രതാപന്റെ പ്രസ്താവനയില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി പോയ സ്ഥലങ്ങളില്‍ ബിജെപി ജയിക്കണമെങ്കില്‍ എത്ര തവണ പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ടുണ്ടെന്ന് കെ രാജന് ചോദിച്ചു. സന്ദര്‍ശനം കൊണ്ട് ജയിക്കാനാകില്ല. പ്രധാനമന്ത്രി ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ തൃശ്ശൂരില്‍ വന്നതുകൊണ്ട് ജയിക്കും എന്നത് സ്വപ്നം മാത്രമാണ്. രണ്ടുതവണ സന്ദര്‍ശനം നടത്തിയിട്ടും സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടത്തിന് നടുവില്‍ ഓടിച്ച സംഭവം പോലും ഏറ്റുപറയാന്‍ തയ്യാറായില്ല. പിന്നെ എന്തു രാഷ്ട്രീയമാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി കെ രാജന് ചോദിച്ചു.