വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം; കെ.മുരളീധരൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേന്ദ്ര ഏജൻസി മാത്രം അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയാകുന്നു.
അന്തർധാര സജീവമാണെന്നും കേസൊതുക്കാനാണ് ഈ അന്തർധാരയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചില്ല.കേന്ദ്രത്തിനെതിരെ സമരം നടത്താൻ ഒരുങ്ങുന്നവർക്ക് പ്രധാനമന്ത്രിയെ അടുത്തുകിട്ടിയപ്പോൾ കാര്യങ്ങൾ പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ സിപിഐയെ ബലിയാടാക്കുമെന്ന് ഉറപ്പായെന്നും വേറെ എവിടെയൊക്കെ ആരൊക്കെ ബലിയാടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കെ.എസ്.ഐ.ഡി.സിയിൽ മുഖ്യമന്ത്രിക്ക് നേരിട്ടും സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണവുമുണ്ടെന്ന റിപ്പോർട്ട് വന്നതോടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അതേസമയം എക്സാലോജിക്- CMRL ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേരും പരാമർശിച്ചതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലുമായി.
കെഎസ്ഐഡിസി വഴി സിഎംആർലിൽ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാൽ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആർഒസി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്ന വീണയുടെ വിശദീകരണമാണ് ആർഒസി തള്ളുന്നത്. എക്സാലോജിക്-സിഎംആർഎൽ ഇടപാട് റിലേറ്റഡ് പാർട്ടി ഇടപാട് അഥവാ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താതിനെ ചോദ്യം ചെയ്യതാണ് ബംഗളൂരു ആർഒസി മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആർഎൽ. വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളാണ്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആർഎല്ലുമായുള്ള ഇടപാട് തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിലാണ് ആർഒസി ചട്ടലംഘനം കണ്ടെത്തുന്നത്. കെഎസ്ഐഡിസി ബോർഡ് അംഗങ്ങളാരും തന്‍റെ കുടുംബാംഗങ്ങളല്ലെന്നായിരുന്നു വീണയുടെ മറുപടി. 1991ൽ കെഎസ്ഐഡി, സിഎംആർഎല്ലിൽ നിക്ഷേപം നടത്തുമ്പോൾ,തന്‍റെ കുടുംബാഗങ്ങളാരും സർക്കാരിന്‍റെ ഭാഗമല്ല, കെഎസ്ഐഡിസി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നതും തന്റെ അച്ഛനോടല്ല എന്നിങ്ങനെയുള്ള വീണയുടെ ഈ വാദങ്ങളാണ് ആര്‍ഒസി തള്ളുന്നത്.
മുഖ്യമന്ത്രിയുടെ മകളും സർക്കാർ ഓഹരിയുള്ള കമ്പനിയും എന്ന നിലയിൽ മാത്രമല്ല, എക്സാലോജിക്കും,സിഎംആർഎല്ലും കെഎസ്ഐഡിസിയും ബന്ധപ്പെട്ട കക്ഷികളാകുന്നതെന്നാണ് ആർഒസി പറയുന്നത്.