Kerala

‘ഇടതുപക്ഷത്തിന് തൃശ്ശൂരിൽ ശക്തമായ അടിത്തറയുണ്ട്’; തൃശ്ശൂരിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലപാട് മയപ്പെടുത്തി ടി.എൻ പ്രതാപൻ

Spread the love

തൃശ്ശൂരിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലപാട് മയപ്പെടുത്തി ടി.എൻ പ്രതാപൻ എംപി. ഇടതുപക്ഷത്തിന് തൃശ്ശൂരിൽ ശക്തമായ അടിത്തറയുണ്ടെന്നും മതം കൊണ്ടും വർഗീയത കൊണ്ടും മണ്ഡലത്തെ വിഭജിക്കാൻ കഴിയില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറ കാണാതെ പോകരുതെന്നും ടി എൻ പ്രതാപൻ ഓർമ്മപ്പെടുത്തി.

അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വത്തിൻറെ നിർദ്ദേശം അവഗണിച്ച് പ്രതാപനായി വീണ്ടും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു. എളവള്ളിയിലാണ് പ്രതാപന വോട്ട് തേടികൊണ്ടുള്ള ചുമരെഴുത്ത്. പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതെഴുതിയ ചുമരെഴുത്തിൽ കൈപ്പത്തി ചിഹ്നവും വരച്ചു ചേർത്തിട്ടുണ്ട്. ചുവരെഴുത്ത് മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എഴുതിയവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ ചുവരെഴുതിയതാണെന്ന് പാവറട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാൻലിയും പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ ചുമരെഴുത്തു പാടില്ലെന്ന് പ്രതിപക്ഷ നേതാവിനെ അടക്കം നിർദ്ദേശം ലഭിച്ചുകൊണ്ടാണ് തൃശ്ശൂരിൽ ചുവരെഴുത്തുകൾ തുടരുന്നത്.