National

ധോണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍ ബിസിനസ് പങ്കാളികള്‍

Spread the love

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മാനനഷ്ടക്കേസ്. മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, ഭാര്യ സൗമ്യദാസ് എന്നിവരാണ് ധോണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി. സമൂഹമാധ്യമങ്ങള്‍ക്കും, ചില മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

ഇന്ന് കേസില്‍ വാദം കേള്‍ക്കും. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന സ്ഥാപന ഉടമകളാണ് മിഹിര്‍ ദിവാകറും സൗമ്യ ദാസും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ധോണി പരാതി നല്‍കിയിരുന്നു. 2017ല്‍ ഒപ്പുവെച്ച ബിസിനസ് ഉടമ്പടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധോണി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ത്യയിലും വിദേശത്തും ധോണിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കാനായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ പ്രകാരമുള്ള ലാഭവിഹിതം ധോണിക്ക് നല്‍കിയില്ല. കൂടാതെ താരത്തിന്റെ അറിവില്ലാതെ പലയിടത്തും അക്കാദമി ആരംഭിച്ചു. തുടര്‍ന്ന് 2021ല്‍ ഇവരുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. കരാര്‍ ലംഘനത്തിലൂടെ ധോണിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായണ് പരാതിയില്‍ പറയുന്നത്.