‘അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഒരു തരിപോലും ഇരുമ്പ് ഉപയോഗിക്കാതെ’; പിന്നിൽ നൂറ് കണക്കിന് ശിൽപികൾ
ഒരു തരിപോലും ഇരുമ്പ് ഉപയോഗിക്കാതെയാണ് അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നത്. നൂറ് കണക്കിന് ശിൽപിയുടെ പരിശ്രമമുണ്ട് ഇതിനുപിന്നിൽ. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ ഉടൻ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. രാജസ്ഥാനിൽ നിന്നും എത്തിച്ച പ്രത്യേകം കല്ലുകളാണ് രാമക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളായി രൂപാന്തരപ്പെട്ടത്.
100 കണക്കിന് ശില്പികളുടെ രണ്ടു പതിറ്റാണ്ടോളം ഉള്ള പരിശ്രമം ഇതിന് വേണ്ടിവന്നു. കാര്യശാലയിൽ അവസാന ശിലായൊരുക്കൾ പുരോഗമിക്കുന്നു.ഉത്തരേന്ത്യയിലെ ക്ഷേത്രനിർമാണത്തിനുപയോഗിക്കുന്ന നാഗരശൈലിയും ദക്ഷിണേന്ത്യയുടെ ദ്രാവിഡശൈലിയും ചേർന്ന് ക്ഷേത്രസമുച്ചയത്തിൽ ഒരുമിക്കുമ്പോൾ, കേരളത്തിന്റെ തേക്കും രാജസ്ഥാനിലെ ഭരത്പുരിന്റെ പിങ്കുനിറമുള്ള കല്ലുകളും തെലങ്കാനയുടെയും കർണാടകയുടെയും ഗ്രാനൈറ്റും പങ്കുചേരുന്നു.
ശില്പികളും തൊഴിലാളികളുമടങ്ങുന്ന നാലായിരത്തോളംപേരുടെ രാപകലില്ലാത്ത അധ്വാനം.ക്ഷേത്രത്തിന് 44 വാതിലുകളുണ്ട്. താഴത്തെനിലയിൽ 18 വാതിലുകൾ. ഈ വാതിലുകൾ നിർമിക്കാനുള്ള തേക്ക് ഉരുപ്പടികൾ മഹാരാഷ്ട്രയിലെ അലപള്ളി വനത്തിൽനിന്നും കേരളത്തിൽനിന്നുമാണ് എത്തിച്ചത്. ശ്രീകോവിലിന്റെ വാതിലടക്കം 14 വാതിലുകളിൽ സ്വർണം പൂശുന്നുണ്ട്.
രാമക്ഷേത്രത്തിൽ പ്രതിദിനം രണ്ടുലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ദിവസംതോറും 15 മണിക്കൂറോളം ദർശനസമയമുണ്ടായിരിക്കും. ക്ഷേത്രത്തിലെത്തുന്ന ദിവ്യാംഗർ, വൃദ്ധർ തുടങ്ങിയവർക്ക് പ്രത്യേക കരുതൽ എന്നനിലയിൽ ക്ഷേത്രത്തിൽ ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്.