Kerala

വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപയുടെ ബില്ല്, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ളവർക്ക് മിനിമം ബിൽ തുകയായ 148 രൂപ; വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി

Spread the love

പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ബില്ലിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കൾ ജല അതോറിറ്റിക്ക് പരാതി നൽകി.

ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ 22 കുടുംബങ്ങൾക്ക് തെറ്റായ ബില്ല് ലഭിച്ചത്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി പുതിയ കണക്ഷനുകൾ അനുവദിച്ചത്.22 വീടുകളിൽ വെള്ളം എത്തിയതും ഒരേ ദിവസം.പക്ഷേ ആദ്യ ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് വീട്ടുകാർ ആശ്ചര്യത്തിലായത്.ഒരു യൂണിറ്റ് വെള്ളം പോലും ഉപയോഗിക്കാത്ത കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി നൽകിയത് 420 രൂപയുടെ ബിൽ. ഇനി വെള്ളം ഉപയോഗിച്ചവർക്കാവട്ടെ 148 രൂപയുടെ ബില്ലും.

സംഭവം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞ മൂന്നുമാസമായി വാട്ടർ അതോറിറ്റി ഓഫീസ് കയറിയിറങ്ങുകയാണ് നിള ലൈനിലെ ഉപഭോക്താക്കൾ.പ്രൊജക്റ്റ് ഓഫീസിലെ സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണ് ബില്ലിൽ പിഴവുകൾ ഉണ്ടായത് എന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച വിവരം,വിഷയത്തിൽ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ഉപഭോക്താക്കളുടെ തീരുമാനം.