Kerala

3 കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്.

രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്. അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.